Thursday 11 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 06

മഴക്കാലത്തിന്റെ തുടക്കം അത് നല്ല രസമാണ്. ഭൂമിയുടെ പ്രണയമാണ് മഴ. മണ്ണിന്, മഴയെഴുതുന്ന പ്രണയകാവ്യ സുഗന്ധമാണ് പുതുമഴ പെയ്യുമ്പോഴുണ്ടാകുന്നത് എന്ന് എനിക്ക് തോന്നും.

കുഞ്ഞായിരുന്നപ്പോൾ എന്നെ അമ്പലത്തിൽ കൊണ്ടുപോയ ഒരു അനുഭവം അമ്മ ഇപ്പഴും പറയാറുണ്ട്. അന്നെന്തോ അമ്മയുമായി വഴക്കടിച്ചിരുന്നു. ആ കലിമൊത്തം അമ്പലത്തിലെ വിഗ്രഹത്തോടായിരുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചു. അമ്മയെന്റെ ചുണ്ടിനെറ്റിയത് എനിക്കിന്നും ഓർമ്മയുണ്ട്. എനിക്കത് തീരെ ഇഷ്ടമായില്ല.അതെന്താ അങ്ങനെ വിളിച്ചാലെന്നായിരുന്നു എന്റെ സംശയം? ആ സംശയത്തെ സാധൂകരിക്കുന്ന ഒന്നും അമ്മയ്ക്ക് പറയാനായില്ല. വീണ്ടും എത്രയോ തവണ ഞാൻ അമ്പലത്തിൽ പോയിട്ടുണ്ട്, ഇഷ്ടം വരുമ്പോൾ ഇഷ്ടത്തോടെയും, ദേഷ്യം വരുമ്പോൾ അനിഷ്ടത്തോടെയും പെരുമാറിയിട്ടുണ്ട്. ഒരു സുഹൃത്തിനോട് സംസാരിക്കുന്ന രീതിയിൽ സംസാരിക്കാനായിരുന്നു എനിക്കിഷ്ടം.

പതിയെ പുളളിക്കാരനുമായി (God) ഞാൻ അകന്നു. അതിനും കാരണങ്ങളുണ്ട്.
വീട്ടിൽ കോഴി, താറാവ്, പൂച്ച, ആട് ,പശു എന്നിങ്ങനെ ആരെയെങ്കിലും വളർത്തുമായിരുന്നു. ഞങ്ങൾ സ്കൂളിലേക്കും അച്ഛൻ ജോലിക്കും പോയി കഴിഞ്ഞാൽ വീട് ശൂന്യമാകും. അന്നേരങ്ങളിൽ അമ്മയ്ക്ക് അവരുമായാണ് കൂട്ട്. വീട്ടിൽ മുപ്പത് ആടും ഒരു പശുവും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഞാനും അനിയനും അവരുടെ കൂടെ കൂടും.


എനിക്ക് പശുക്കളെ കയറിൽ കെട്ടി കൊണ്ടു വരുന്നത് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വട്ടകയറിൽ നിന്ന് കയറഴിച്ചെടുത്താണ് ഞാനവരെ കൊണ്ടുവരിക. ഒരു സുഹൃത്തിനോട് സംസാരിച്ച് വരുന്നപോലെയാണ് ആ നടത്തം. നാട്ടുകാരിൽ പലർക്കും അതിൽ പരാതിയുണ്ടായിരുന്നു. കയറഴിച്ചാൽ, ഒഴിഞ്ഞ പാടത്തിലൂടെ അവളോടും പിന്നെ കിതച്ചു കൊണ്ട് എന്റെയടുത്ത് വന്നു നിൽക്കും.
"പോകാം" ഞാൻ പറയും.
അവൾ കൊമ്പിട്ടിളക്കി എന്റെ മുന്നിൽ കയറി നടക്കും. ചില സമയത്ത് എനിക്കത് ഇഷ്ടമാകില്ല. ഞാനപ്പോൾ വീട്ടിലേക്ക് ഓടും. വായുവിലേക്ക് വാലുയർത്തി അവൾ പിന്നാലെ ഓടിവരും. രണ്ടു പേരും നിന്ന് കിതക്കുമ്പോൾ അമ്മ ചോദിക്കും; "നീ എന്തിനാ അവളെ ഓടിക്കണെ?"
ഞാനൊന്നും പറയാതെ അകത്തേക്ക് കയറി പോകും, അവൾ തൊഴുത്തിലേക്കും. ചിലപ്പോഴൊക്കെ സ്നേഹം കൂടി കൂടി വരുമ്പോൾ കുഞ്ഞിനെയെന്നപ്പോലെ അവളെന്നെ നക്കി തോർത്തും. പലപ്പോഴും അതിന് നിന്നു കൊടുക്കാറുണ്ടെങ്കിലും അതേറെ വേദയുള്ള ഒന്നാണ്.
''വേദനിക്കുന്നു" ഞാൻ പറയും.
അവള് നിർത്തില്ല. പിന്നെ നിർബന്ധപൂർവ്വം എഴുന്നേൽക്കും. ഞാൻ നടക്കുമ്പോൾ കുഞ്ഞിനെപോലെ എന്റെ പിന്നാലെ വരും. പിന്നെ എന്നെ മറികടന്ന് മുന്നിൽ നടക്കും. അങ്ങനെ ഞങ്ങളുടെ സൗഹൃദം തുടരുന്നതിനിടയിൽ ആടുകളിൽ ഒന്ന് മരിച്ചുപോയി. വീട് കനത്തൊരു നിശ്ശബ്ദതയിലേക്കും, അടക്കിപിടിച്ച കരച്ചിലേക്കും വഴുതി വീണു. ആടുകൾ കരഞ്ഞു തുടങ്ങുമ്പോൾ അമ്മ എന്നെ വിളിക്കും. കരഞ്ഞു കരഞ്ഞ് പിടഞ്ഞു ചാവുന്ന ആടുകളെ നോക്കി നിൽക്കുമ്പോൾ ഞാൻ നിശ്ശബ്ദനായി കരയും. എനിക്കെന്നോട് വല്ലാത്ത ദേഷ്യം തോന്നും. എന്താണ് ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങും. അന്നേരമെല്ലാം ഞാനീ പറയുന്ന ദൈവത്തോട് കേണിട്ടുണ്ട്. അന്നൊന്നും എന്നോട്ട് കനിയാത്ത ദൈവത്തിൽ നിന്ന് ഞാൻ അകലുകയായിരുന്നു. മൃഗാശുപ്രതിയുമായി ബന്ധപ്പെട്ടെങ്കിലും അവർക്കതിന്റെ കാരണം കണ്ടെത്താനായില്ല. പുല്ലിനിടയിൽ വളർന്ന ആന തൊട്ടാർവാടിയാണ് പ്രശ്നമുണ്ടാക്കിയത് എന്ന് പിന്നീടറിഞ്ഞു. അപ്പോഴേക്കും അഞ്ചാറ് അടുകൾ മരിച്ചുപോയിരുന്നു. ബാക്കിയുള്ളവയെ അച്ഛൻ വിൽക്കുകയായിരുന്നു. സ്കൂൾ വിട്ടുവന്ന ശേഷം ഒഴിഞ്ഞ കൂടിൽ ഞാൻ കയറിയിരിക്കും. എന്റെ മടിയിൽ കയറിയിരിക്കാൻ അപ്പോൾ സുന്ദരിയോ, വരയൻ പുലിയോ, പമ്പറുട്ടിയോ, ശീതളോ, മാലക്കണ്ണിയോ, മീനുട്ടിയോ ആരും തന്നെ ഉണ്ടാകില്ല. ഞാനങ്ങനെ ഇരിക്കുന്നത് അമ്മ നിശ്ശബ്ദമായി നോക്കി നിൽക്കും. തൊഴുത്തിൽ നിന്ന് അമ്മു (പശു)കരഞ്ഞു വിളിക്കും. ഞാൻ തൊഴുത്തിലെ പുൽതൊട്ടിയിൽ പോയി കിടക്കും. അവളെന്നെ കുഞ്ഞിനെപോലെ നക്കി തുടക്കും. അപ്പോൾ അവളുടെ നാവിന്റെ മൂർച്ച ഞാനറിയില്ല. അതിലും കനത്തതാണെല്ലോ എന്റെ വേദനകൾ

No comments:

Post a Comment