Saturday 6 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 01

അച്ഛനോടൊപ്പം
ഭൂതകാലസഞ്ചാരം, അത് പൊതുവേ പ്രിയമുള്ളതാണ്. മണ്ണിനോടും വിണ്ണിനോടും പ്രണയിച്ചും, കലഹിച്ചും എത്രയെത്ര ദൂരങ്ങൾ താണ്ടുന്നു. ഒന്നിനു പുറകെ ഒന്നായി നടന്നു തീർത്ത വഴികൾ വീണ്ടും കാണുമ്പോൾ, നിന്നു പോകും. പഴയ കാല കാഴ്ച്ചകളെ പരതും. അതാകെ മാറിയിരിക്കുന്നു. നിരാശയുടെ താളം പെരുമ്പറ കൊട്ടുന്നു. പഴമയോട് ചേർന്നു പോകുന്ന എന്തോ ഉള്ളിലുണ്ടെന്നു തോന്നും. ഓർമ്മകളുടെ കുന്നിറങ്ങുന്ന കുട്ടിയാണ് ഞാൻ. വേഗം, അന്നവനിൽ തീർത്ത ഹരങ്ങളൊന്നും ഇന്നില്ല. കൊഴിഞ്ഞുപോയ പല്ല് കൊഴിഞ്ഞതു തന്നെയാണ്. അതിലേക്കിനി നോക്കിയിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അതു തീർക്കുന്ന വിടവ്, അതെനിക്കിഷ്ടമല്ല.

അച്ഛൻ
അച്ഛന്റെ സൈക്കിളിനു മുന്നിലിരിക്കുമ്പോൾ, ഓരോ കയറ്റങ്ങളും അദ്ദേഹം ചവിട്ടി കയറുന്നതിന്റെ കൃത്യം താളമറിയാറുണ്ട്. ഇറക്കത്തിലേക്ക് സൈക്കിൾ കുതിക്കുന്നത് ഒരു ഹരമാണ്. എപ്പോൾ വേണമെങ്കിലും ഒരപകടം വന്നേക്കാമെന്ന ചിന്തയിൽ, ബ്രേയ്ക്കിൽ തൊട്ടുതൊട്ടില്ല എന്ന നിലയിൽ അദ്ദേഹത്തിന്റെ വിരലുകൾ ഹാന്റിലിൽ ചലനങ്ങൾ സൃഷ്ടിക്കും. പലതും ശ്രദ്ധിക്കുമായിരുന്നു അച്ഛൻ. അതു കൊണ്ടുതന്നെ ചില സൂത്രവിദ്യങ്ങൾ അദ്ദേഹം ഒപ്പിക്കുമായിരുന്നു. എത്രതന്നെ ശ്രമിച്ചാലും അഴിക്കാനാവാത്ത ചില കുരുക്കുകൾ, ഒരൊറ്റ വലിക്ക് അഴിച്ചെടുക്കാവുന്ന കുരുക്കുകൾ അങ്ങനെ പലതും. എനിക്കെന്തോ അവയോടൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. കോൺവെന്റിലാണ് പഠനമെന്നതിനാൽ സന്മാർഗകഥകൾ പഠിക്കാനുണ്ടായിരുന്നു. അധ്യയന വർഷാരംഭത്തിനു മുന്നേ പുസ്തകം കിട്ടിയാൽ, മലയാള പാഠാവലിയും, സന്മാർഗകഥകളും ഞാനിരുന്ന് വായിച്ച് തീർക്കും. പുതുമണ്ണിന്റെ ഗന്ധംപോലെ ആസാദ്യമായിരുന്നു എനിക്കാ പുതുമണങ്ങൾ.രാമായണവും, മഹാഭാരതവും, ബൈബിളും വീട്ടിലുണ്ടായിരുന്നു. ബാല്യത്തിൽ എനിക്കതിനോട് പ്രിയമില്ലായിരുന്നു. പിന്നീട് ഞാനെന്റെ ഡിഗ്രി കാലത്താണ് അവയെല്ലാം വായിക്കുന്നത്. വലിയ പുസ്തക ശേഖരമൊന്നും വീട്ടിലില്ലാത്തതുകൊണ്ട് പാഠപുസ്തകങ്ങൾ തന്നെ നിരവധി തവണ വായിക്കുമായിരുന്നു. വായനയിലേക്ക് എന്നെയെടുത്തെറിഞ്ഞതും അച്ഛൻ തന്നെ. യൂറിക്ക അന്ന് വീട്ടിൽ വരുത്തുമായിരുന്നു. എനിക്കേറെ പ്രിയമായിരുന്നു അതിനോട്. പഴ ബാലമാസികകളും ബാലവാരികകളും കെട്ടുകണക്കിന് അദ്ദേഹം വാങ്ങി തരുമായിരുന്നു. എനിക്കത് ഏറെ ഇഷ്ടമായിരുന്നു. ഒറ്റയിരിപ്പിന് എത്രയോ പുസ്തകങ്ങൾ വായിക്കാം. എനിക്കെന്തോ അക്ഷരങ്ങളോട് വിശപ്പാണെന്ന് അച്ഛനപ്പോൾ തമാശ പറയും. എനിക്കും അങ്ങനെ തോന്നും. ആ വിശപ്പിന്നും കൂടെയുണ്ട്.

അപ്പച്ചനോ അമ്മമ്മയോ പറഞ്ഞു തരുന്ന കഥകൾ, അപ്പച്ചൻ കൊണ്ടുതരുന്ന തീവണ്ടി ടിക്കറ്റ് -അങ്ങനെ ചെറുകാര്യങ്ങളുടെ വലിയ ഇഷ്ടക്കാരനായിരുന്നു ഞാൻ. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലായിരുന്നു. ഹൊറർ കഥകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു എനിക്ക്. അത്ര തന്നെ പേടിയും, ഇന്നവയെല്ലാം തമാശകളായി തോന്നുമെങ്കിലും. എന്നെ അച്ഛനോടടുപ്പിച്ചത് അമ്മയാണ്.... അമ്മയ്ക്കു മാത്രമറിയുന്ന ഒരു രസക്കൂട്ടുണ്ടതിനു പിന്നിൽ. അച്ഛനെ പറ്റി പറയുമ്പോൾ അവരൊരു എഴുത്തുകാരിയാകും; അക്ഷരങ്ങളാൽ ഹൃദയത്തിലെഴുതും. ആഴമുള്ള ഭാഷയായിരുന്നു അമ്മയുടേത്.

അച്ഛനും വല്ല്യച്ഛന്മാരും അമ്മായിയും
അച്ഛന് വർക്ക്ഷോപ്പ് പണിയായിരുന്നു. അതുകൊണ്ടു തന്നെ ഉറപ്പുള്ളൊരു ശരീരഭാഷ പ്രകടമായിരുന്നു. ആ ഉറപ്പുകൾ അദ്ദേഹത്തിന്റെ സംസാരങ്ങളിലും തീരുമാനങ്ങളിലും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ രൂപവും ചിരിയും നടത്തവുമെല്ലാം എന്നിലും പ്രകടമാണെന്ന് എല്ലാവരും പറയുമ്പോൾ തലയുയർത്തി പിടിക്കും. ഒരിക്കൽ, ഒരിക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞ് ഞാൻ കണ്ടിട്ടുള്ളത്. അന്ന് ഞങ്ങൾക്കെല്ലാം ചിക്കൻപോക്സ് വന്ന് മാറിയ സമയം. എനിക്കും അമ്മയ്ക്കും ഒരുമിച്ചാണ് വന്നത്. മെഴുക്കുള്ളതൊന്നും കഴിക്കാൻ പാടില്ലെന്നറിഞ്ഞും അച്ഛനറിയാതെ ഞങ്ങളെല്ലാം കഴിക്കുമായിരുന്നു. ചിലപ്പോഴൊക്കെ വഴക്കു പറയും. പിന്നെ പിന്നെ പറയാതെയായി. പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് തോന്നി കാണും. ഞങ്ങൾക്ക് രണ്ടാൾക്കും അസുഖം മാറാൻ ഏറെ സമയം എടുത്തു. ആ സമയത്താണ് അച്ഛനും ചിക്കൻപോക്സിന്റെ പിടിക്കുന്നത്.
 "നന്ദാ" എന്നു വിളിച്ച് വീട്ടിലേക്ക് കയറിവന്ന റാഫിക്കയെ എനിക്കിന്നും ഓർമ്മയുണ്ട്.
"കാശ് വേണോ നിനക്ക് "
ആ ചോദ്യത്തിനു മുന്നിൽ അച്ഛനൊന്നു ചിരിച്ചു.  "വേണ്ടടാ കാശുണ്ട്". അച്ഛൻ മറുപടി പറഞ്ഞു.
ഒരു പാട് നേരമിരുന്ന് സംസാരിച്ച് ഇക്കാക്ക പോയി.
സംസാരിക്കുന്നതിനിടയിലൊക്കെ എനിക്ക് അസുഖമാണ് അച്ഛൻ ഓർമ്മിപ്പിക്കും.
"നിനക്ക് വല്ല വട്ടുണ്ടാ. പകര്യേ.. നീയൊന്ന് പോയേ നന്ദാ..." എന്ന് ഇക്കാക്ക പറയും. എന്നിട്ട് ഉറക്കെ ചിരിക്കും. [അച്ഛമ്മയ്ക്ക് ]
അമ്മയ്ക്ക് തീരെ വയ്യെന്നറിഞ്ഞ് ഏട്ടന്മാർ വന്നപ്പോൾ അച്ഛൻ ഒരേ ഇരിപ്പിരുന്നു. അത്ര മാത്രം ക്ഷീണിതനും അവശനുമായിരുന്നു അദ്ദേഹം. അസുഖവിവരം അറിയാമെങ്കിലും അമ്മ [അച്ഛമ്മ] കാണണമെന്ന് വാശി പിടിക്കുന്നെന്ന് ഏട്ടന്മാർ പറഞ്ഞു. അച്ഛൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പിന്നെ വേദന കൊണ്ട് ഒരേ ഇരിപ്പിരുന്നു. ഏട്ടന്മാർക്ക് അവസ്ഥ മനസ്സിലായിട്ടാവണം അവർ പോയി. അപ്പോൾ റാഫിക്ക പറയുന്നത് ഞാൻ കേട്ടു;"നിന്നെ ഞാൻ കൊണ്ടവാം".
"എഴുന്നേൽക്കാൻ പറ്റണില്ലടാ" നിസ്സഹായനായ ഒരു മനുഷ്യന്റെ സ്വരമായിരുന്നു അത്. പിറ്റേന്ന് അമ്മയുടെ മരണവാർത്തയാണ് അച്ഛനാദ്യം കേട്ടത്. അച്ഛന്റെ ഫോട്ടോയിലേക്ക് അവരേറെ നേരം നോക്കിയിരുന്നിരുന്നത്രെ. അത്രയ്ക്കിഷ്ടായിരുന്നു പന്ത്രണ്ടാമനായ അച്ഛനെ. "അവന് വരാനാവില്ലല്ലേ.. അത്രയ്ക്ക് വയ്യേ ന്റെ കുട്ടിക്ക്?" അമ്മ അവസാനം പറഞ്ഞ വാക്കുകൾ അതായിരുന്നെന്ന് ഹരി വല്ല്യച്ഛൻ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു. ചിത ഒരുക്കുമ്പോഴെങ്കിലും അച്ഛനടുത്ത് വേണമെന്ന് അവർ. അച്ഛനെന്നെ നോക്കി
 "നിധിമോൻ വരും, കുഞ്ഞുണ്ണിയും"
അച്ഛൻ ഉമ്മറത്തു നിന്ന് എഴുന്നേറ്റ് പതിയെ റൂമിൽ പോയിരുന്നു.
നിശ്ശബ്ദമായി അച്ഛൻ കയരുകയായിരുന്നു.
എന്നെ കണ്ട് അച്ഛൻ പറഞ്ഞു;"വല്ല്യച്ഛന്റെ കൂടെ പോയ്ക്കോ..."
അച്ഛനപ്പോ ഏകനായിരിക്കണമെന്ന് തോന്നി കാണും. അമ്മയില്ലാതാകുന്നതോടെ അനാഥരാവുകയല്ലേ നാം.?

2 comments: