Wednesday 10 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 05


അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത, അവനവനില്‍ ഒതുങ്ങി നിന്ന ബാല്യകാലത്തെ മനോഹരമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. ക്ലാസ്സ് കഴിഞ്ഞുള്ള വീട്ടിലേക്കുള്ള ഓട്ടങ്ങളെല്ലാം ഇപ്പോഴും മിഴിവാര്‍ന്ന് നില്‍ക്കുന്നു. ആദ്യമെത്തുക എന്നതിനപ്പുറം എന്തായിരുന്നു ആ ഓട്ടങ്ങളുടെ ലക്ഷ്യം? അധികം സുഹൃത്തുക്കളില്ലാത്ത ഒരാള്‍ എന്തിന് തട്ടിക്കളിച്ച് നില്‍ക്കണം എന്നൊരു മറുചോദ്യത്തിലൂടെ ഞാനാ ഉത്തരത്തെ സാധൂകരിക്കുന്നു. ഒറ്റയാകാന്‍ സ്വയം പരിശീലിച്ച ഒരാളെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ടോ? ഇല്ലെങ്കില്‍ എന്നെ നോക്കൂ... ബാല്യത്തില്‍ മാത്രമല്ല ഇപ്പോഴും ഞാനാ കുട്ടിയെ സൗകര്യപൂര്‍വ്വം എടുത്തണിയുന്നുണ്ട്. ഇഷ്ടമാകാത്ത ഇടങ്ങളില്‍, സൗഹൃദങ്ങളില്‍ അയാളോളം എനിക്ക് പ്രിയമുള്ളതായി ആരുമില്ല. കൂടെയുണ്ട് എന്നതുകൊണ്ട് ഒരാളും സുഹൃത്താകണം എന്നില്ലെന്ന പാഠം പകര്‍ന്നതും അവനായിരുന്നു.

ഓര്‍മകള്‍ കണ്ണീരില്‍ കുതിര്‍ന്ന ചിരിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ഇന്നിനെ നാളയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇന്നിന്റെ വേദനകളെ എത്ര ലഘുവായാണ് നാം പറയുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഓരോ കാലം, ഓരോ വേദനകള്‍, ചിരികള്‍... കാലമേ നിന്നില്‍ കെട്ടിയാടുന്ന വേഷങ്ങളില്‍ ശരിക്കും ഞാന്‍ ആരാണ്?

ഉത്തരമറിയാത്ത ചോദ്യങ്ങള്‍. അന്വേഷിച്ചിറങ്ങാന്‍ ശങ്കരനല്ല...


പത്തുവരെ എന്നിലേക്ക് തിരിഞ്ഞുനിന്ന എന്നെ കൂടുതല്‍ സംസാരിക്കാന്‍ പ്രാപ്തമാക്കുന്നതില്‍ അമ്മയും അച്ഛനും വഹിച്ച പങ്ക് ചെറുതല്ല. ചാലിശ്ശേരിയിലെ പഠനകാലത്ത് ചോട്ട എന്ന സുഹൃത്തിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെ വിസ്മരിക്കുന്നില്ല. വളരെ കുറച്ചുപേരുമായി മാത്രം ക്ലോസാവുക. അവരോട് വാതോരാതെ സംസാരിക്കുക തുടങ്ങി എന്റെ അന്നത്തെ ചെയ്തികള്‍ പലതും പലര്‍ക്കും അപരിചിതമായി തോന്നിയേക്കാം. എന്നാല്‍ ആ പഴയ കാലത്തെ ഞാനിന്ന് ഏറ്റവും നന്നായി ഇഷ്ടപ്പെടുന്നു. കൂടെയുള്ളവരില്‍ വളരെ കുറച്ച് സുഹൃത്തുക്കള്‍ തന്നെയാണുള്ളത് എന്ന് മനസ്സിലാക്കുന്നു. ആവശ്യമല്ലാത്ത ഇടപെടലുകള്‍, സംസാരങ്ങള്‍ എന്നിങ്ങനെ എന്നെ എഡിറ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യങ്ങളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്.

ആദ്യമേ പറഞ്ഞല്ലോ എന്റെ ബോധ്യങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത് കഴിയുന്ന ഒരാളെന്ന നിലയില്‍ ചിലരില്‍ നിന്നെല്ലാം വൃത്തിയായി മാറി നില്‍ക്കാന്‍ തന്നെയാണ് ഉദ്ദേശം. മുറിവേല്‍ക്കുന്നത് അത്ര സുഖകരമല്ലെന്ന് മാത്രമറിയാം.

വാല്‍: അനുഭമെഴുത്തിന്റെ ഈ തുടര്‍ച്ചയില്‍ ഇത്തരമൊരു എഴുത്ത് പ്രതീക്ഷിച്ചിരിക്കില്ല എന്നറിയാം. എന്നാലും പറയാതെ എങ്ങനെ?

No comments:

Post a Comment